National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യച്ചോർച്ചയിൽ ഉന്നത ബിജെപി നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്ഗ്രസും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ് യുഐ).
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രം രാജസ്ഥാനാണെന്നും രാജസ്ഥാനിലെ ബിജെപി സർക്കാരിന്റെ കീഴിൽ റാക്കറ്റിന് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നുവെന്നും യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും എൻഎസ്യുഐ അധ്യക്ഷൻ വിനോദ് ജാഖറും ഡൽഹിയിലെ കോണ്ഗ്രസ് കാര്യാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയ്പുരിൽ ആരോപണ വിധേയരായവർ രാജസ്ഥാനിലെ പ്രമുഖ ബിജെപി നേതാക്കളുമായി ചേർന്നെടുത്തിട്ടുള്ള ഫോട്ടോകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബുകളായിട്ടുള്ള നഗരങ്ങളിലെ മിക്ക കോച്ചിംഗ് സ്ഥാപനങ്ങളും ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്നും കേസുമായി ബന്ധപ്പെട്ട് കോച്ചിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി അവരെ വിട്ടയച്ചതായും എൻഎസ്യുഐ അധ്യക്ഷൻ ആരോപിച്ചു.
10 വർഷത്തിനിടെ 89 പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്നും 48 തവണ പരീക്ഷകൾ വീണ്ടും നടത്തേണ്ടി വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നിരോധിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബും ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അന്വേഷണം നടത്താനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്നും വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള് കേന്ദ്രീകരിച്ച് നടത്തിയ ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ് കേസില് അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിക്ക് രാജ്യന്തര തട്ടിപ്പു സംഘവുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച്.
മറ്റു പ്രതികളില് പലരും വിദേശത്തേക്കു കടന്നു. മ്യൂള് അക്കൗണ്ടുകള് ഉപയോഗിച്ച് തട്ടിപ്പു നടത്തിയവര് നിരീക്ഷണത്തിലാണെന്നും അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി പറഞ്ഞു.
ബംഗളൂരുവില് യൂബര് ടാക്സി ഡ്രൈവര്മാരായ മൂന്നു പേരില്നിന്ന് അക്കൗണ്ടുകള് വിലയ്ക്കെടുത്ത് ബ്ലെസ്ലിയും സംഘവും അതിലേക്കു തട്ടിപ്പുപണം അയപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 22,72,528 രൂപ മ്യൂള് അക്കൗണ്ടുകള് വഴി തട്ടിയെടുത്തതിനു രജിസ്റ്റര് ചെയ്ത ഒരു കേസില് യൂബര് ഡ്രൈവര്മാരും പ്രതികളാണ്. ഇവരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞതായാണ് സൂചന.
തട്ടിയെടുത്ത 22.72 ലക്ഷം രൂപ 91 അക്കൗണ്ടുകളിലേക്കാണ് അയപ്പിച്ചത്. ഈ അക്കൗണ്ട് ഉടമകളും കേസില് പ്രതികളാകും. കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങള് കേന്ദ്രീകരിച്ച് ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളുമായി ബ്ലെസ്ലിക്കു ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന.
മറ്റു രാജ്യങ്ങളിലെ തട്ടിപ്പുസംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്പ്പെടെയുള്ളവര് ക്രിപ്റ്റോ രൂപത്തിലാക്കി പണമെത്തിച്ചിരുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനു മ്യൂള് അക്കൗണ്ടുകള് ഉപയോഗിച്ച് അനധികൃത പേയ്മെ ന്റ് ഗേറ്റ്വേകള് സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബര് ക്രിമിനലുകളുടെ രീതിതന്നെയാണ് ബിഗ് ബോസ് താരം ഉള്പ്പെട്ട തട്ടിപ്പു സംഘവും സ്വീകരിച്ചത്. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്നിന്നു മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില് വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കാക്കൂര് പോലീസ് രജിസ്റ്റര് ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.